This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂനന്‍ കുരിശുസത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂനന്‍ കുരിശുസത്യം

ഈശോസഭാവൈദികരെയും, അവരുടെ സന്ന്യാസ സഭയിലെ ഗാര്‍സ്യാ മെത്രാപ്പോലീത്തയെയും അനുസരിക്കുകയില്ലെന്ന്‌ കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിലെ ഒരു കുരിശില്‍ തൊട്ടുകൊണ്ട്‌ കേരളത്തിലെ മാര്‍ത്തോമാ ക്രിസ്‌ത്യാനികള്‍ 1653 ജനു. 3-ന്‌ വെള്ളിയാഴ്‌ച പരസ്യമായി നടത്തിയ സത്യപ്രതിജ്ഞ. മാര്‍ത്തോമാശ്ലീഹയില്‍ നിന്ന്‌ ക്രിസ്‌തുവിന്റെ സുവിശേഷം സ്വീകരിച്ച്‌ ഇന്ത്യയുടെ സംസ്‌കാരം സ്വാംശീകരിച്ച്‌ തനതായൊരു സഭാജീവിതശൈലി വളര്‍ത്തിയെടുത്തവരായിരുന്നു മാര്‍ത്തോമാ ക്രിസ്‌ത്യാനികള്‍. എന്നാല്‍ 16-ാം ശതകത്തില്‍ പോര്‍ച്ചുഗീസുകാരും അവരോടൊപ്പം പോര്‍ച്ചുഗീസ്‌ മിഷണറിമാരും ഇന്ത്യയിലെത്തിയതോടെ ഇവിടെ നിലനിന്നിരുന്ന പുരാതന സഭയുടെമേല്‍ അവര്‍ ആധിപത്യം അവകാശപ്പെട്ടു. 1599-ല്‍ നടന്ന ഉദയംപേരൂര്‍ സുനഹദോസ്‌ മുതല്‍ പോര്‍ച്ചുഗീസുകാരായിരുന്നു ഇവിടത്തെ മാര്‍ത്തോമാ ക്രിസ്‌ത്യാനികളെ ഭരിച്ചുകൊണ്ടിരുന്ന മെത്രാന്മാര്‍. നിലവിലിരുന്ന സഭാപാരമ്പര്യങ്ങളില്‍ അജ്ഞരായിരുന്ന പോര്‍ച്ചുഗീസ്‌ മെത്രാന്മാര്‍ ഇവിടത്തെ ആചാരങ്ങളും ഭരണക്രമങ്ങളും മാറ്റി പകരം പോര്‍ച്ചുഗീസുരീതിയിലുള്ള ആചാരങ്ങളും നിയമങ്ങളും ആരാധനനാക്രമങ്ങളും പ്രചരിപ്പിക്കുവാന്‍ പരിശ്രമിച്ചു. ഇവിടത്തെ പാരമ്പര്യത്തോടു കാട്ടിയ വ്യക്തമായ അവഗണനയില്‍ അമര്‍ഷം പൂണ്ട മാര്‍ത്തോമാ ക്രിസ്‌ത്യാനികളാണ്‌ ഈ "സാമ്പാളൂര്‍ പാതിരിമാരെ' ഇനിമേല്‍ അനുസരിക്കുകയില്ലെന്ന്‌ പരസ്യമായി പ്രതിജ്ഞ ചെയ്‌തത്‌. "സാവൊപൗളോ'(Saopaolo)എന്ന പേരിലാണ്‌ ഈശോസഭക്കാരുടെ ആശ്രമമറിയപ്പെട്ടിരുന്നത്‌. അവിടെ താമസിക്കുന്ന വൈദികരും, അതേ സന്ന്യാസസഭയില്‍ പ്പെട്ട മെത്രാനും "സാമ്പാളൂര്‍ പാതിരിമാര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

കൂനന്‍ കുരിശിന്‌ ഒരു ചരിത്രപശ്ചാത്തലമുണ്ട്‌. ഉദയംപേരൂര്‍ സുനഹദോസ്‌ ഇതിലെ ഒരു പ്രധാനഘടകമാണ്‌. ഗോവാ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ വച്ചു നടന്ന ഒരു സഭാസമ്മേളനമാണ്‌ "ഉദയംപേരൂര്‍ സുനഹദോസ്‌' എന്ന പേരിലറിയപ്പെടുന്നത്‌ (നോ. ഉദയംപേരൂര്‍ സുനഹദോസ്‌). ഈ കൗണ്‍സില്‍ ഇവിടത്തെ പുരാതനസഭയുടെ ആചാരമര്യാദകളും ആരാധനാക്രമങ്ങളും അടിമുടി മാറ്റുന്ന ഒന്നായിരുന്നു. ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഈ സുനഹദോസ്‌ അസാധുവാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. അതിനാല്‍ ഇതിന്‌ നിയമപ്രാബല്യമൊന്നുമില്ല.

കൊളോണിയലിസത്തിന്റെ കാലമായിരുന്നതിനാലും നാട്ടുരാജാക്കന്മാര്‍ പരസ്‌പരം കലഹിച്ചു കഴിഞ്ഞിരുന്നതിനാലും വിദേശശക്തികളുടെ സഹായം സ്വന്തം ശത്രുക്കള്‍ക്കെതിരായി സ്വീകരിച്ചിരുന്നതിനാലും വിദേശികള്‍ക്ക്‌ ഇവിടത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിന്‌ വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടിരുന്നില്ല. ഇപ്രകാരമാണ്‌ പോര്‍ച്ചുഗീസുകാര്‍ക്കും ഇവിടത്തെ സഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുവാന്‍ സാധിച്ചത്‌.

മട്ടാഞ്ചേരിയില്‍ വച്ചു കൂനന്‍ കുരിശുസത്യം നടക്കുന്നതിന്‌ ഒരു പ്രത്യേക കാരണമുണ്ട്‌. പറങ്കിമെത്രാന്മാരില്‍ നിന്ന്‌ വിമോചനം നേടുവാന്‍ ആഗ്രഹിച്ചിരുന്ന മാര്‍ത്തോമാക്രിസ്‌ത്യാനികള്‍ തങ്ങളുടെ പാരമ്പര്യങ്ങളെ മാനിക്കുന്ന മെത്രാന്മാരെ കിട്ടുവാന്‍ പരിശ്രമിച്ചിരുന്നു. ഇവരുടെ അഭ്യര്‍ഥനയനുസരിച്ച്‌ അഹത്തള്ള (നോ. അഹത്തള്ള) എന്ന പേരില്‍ ഒരു സുറിയാനി മെത്രാന്‍ ഇന്ത്യയിലെത്തി (1653). ഈ വാര്‍ത്തയറിഞ്ഞ പോര്‍ച്ചുഗീസുകാര്‍ ഇദ്ദേഹത്തെ അധികാരത്തിലെടുക്കുകയും, മദ്രാസില്‍ നിന്ന്‌ കപ്പല്‍ മാര്‍ഗം കൊച്ചിവഴി ഗോവയ്‌ക്കു കൊണ്ടുപോവുകയും ചെയ്‌തു. ഈ വിവരം അഹത്തള്ള രഹസ്യമായി മൈലാപ്പൂരില്‍ തീര്‍ഥാടനത്തിനായെത്തിയ മൂന്നുപേര്‍വഴി ഇവിടെ അറിയിച്ചിരുന്നു. സമുദായത്തിന്റെ നേതാവായിരുന്ന ആര്‍ച്ചുഡീക്കന്‍ ഈ വിവരം അറിഞ്ഞയുടനെ ജനങ്ങളെ വിവരമറിയിക്കുകയും അവര്‍ അഹത്തള്ളയെ സ്വീകരിക്കുവാന്‍ ഒരുങ്ങി കൊച്ചിയിലെത്തുകയും ചെയ്‌തു. അഹത്തള്ളയെ കയറ്റിയിരുന്ന കപ്പല്‍ കൊച്ചി തുറമുഖത്തു വന്നെത്തിയ വിവരമറിഞ്ഞ്‌ അവര്‍ അദ്ദേഹത്തെ നേരിട്ടുകാണുന്നതിന്‌ അധികാരികളെ സമീപിച്ചു. എന്നാല്‍ ആര്‍ച്ചുബിഷപ്പ്‌ ഗാര്‍സ്യാ അഹത്തള്ളയെ മാര്‍ത്തോമാ ക്രിസ്‌ത്യാനികള്‍ കാണുവാന്‍ പാടില്ലെന്ന്‌ ശഠിച്ചു. പ്രതിനിധികള്‍ക്കെങ്കിലും സന്ദര്‍ശിക്കുവാനുള്ള അനുമതി നല്‌കണമെന്ന അഭ്യര്‍ഥനയും ആര്‍ച്ച്‌ ബിഷപ്പ്‌ അവഗണനയോടെ നിരസിച്ചു. ഔദ്യോഗിക രേഖകള്‍ പരിശോധിക്കുന്നതിനെങ്കിലും അനുവദിക്കണമെന്ന അഭ്യര്‍ഥനയും വനരോദനമാവുകയാണ്‌ ഉണ്ടായത്‌. മാര്‍പ്പാപ്പാ അയച്ചതാണെങ്കില്‍ പ്പോലും പോര്‍ച്ചുഗീസ്‌ രാജാവിന്റെ അനുവാദം കൂടാതെ ഇവിടെ പ്രവേശിക്കുവാന്‍ അനുവദിക്കുകയില്ലെന്നായിരുന്നു ഗാര്‍സ്യായുടെ കര്‍ക്കശമായ നിലപാട്‌. അഹത്തള്ള മെത്രാനെ പറങ്കികള്‍ കടലില്‍ മുക്കിക്കൊന്നെന്ന്‌ ഒരു കിംവദന്തിയും പ്രചരിച്ചിരുന്നു. മാര്‍ത്തോമാ ക്രിസ്‌ത്യാനികളുടെ ധര്‍മരോഷം ആളിക്കത്തി. കടുത്ത അവഗണനയെ തന്റേടത്തോടെ നേരിടുവാന്‍തന്നെ അവര്‍ തീരുമാനിച്ചു. ഇപ്രകാരമൊരു മെത്രാനെയോ, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഈശോസഭാ വൈദികരെയോ ഇനി മേലില്‍ അനുസരിക്കുകയില്ലെന്ന്‌ കുരിശു സാക്ഷിയാക്കി വികാരതീവ്രതയോടെ അവര്‍ സത്യം ചെയ്‌തു. ഇതാണ്‌ ചരിത്രപ്രസിദ്ധമായ കൂനന്‍ കുരിശുസത്യം. ഈ സംഭവം മാര്‍ത്തോമാ ക്രിസ്‌ത്യാനികളുടെ സഭയെ സാരമായി ബാധിച്ചു. 16 നൂറ്റാണ്ടുകാലം ഒന്നായി കഴിഞ്ഞിരുന്ന ഒരു സമുദായത്തില്‍ ഭിന്നതയുടെ ചരിത്രമാരംഭിക്കുന്നത്‌ കൂനന്‍ കുരിശു സത്യത്തോടെയാണ്‌.

(റവ. ഡോ. സേവ്യര്‍ കൂടപ്പുഴ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍